കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉയര്‍ത്തിയ ആരോപണങ്ങളില്പെട്ട സ്ഥലമിടപാടിനായി മുടക്കിയ കോടികള്‍ ഇപ്പോഴും ഡെഡ്മണിയായി അവശേഷിക്കുന്നു. തണ്ണീര്തടത്തില്പ്പെട്ട സ്ഥലം വാങ്ങിയതിലൂടെ നഷ്ടപ്പെടുത്തിയ കോടികളാണ് ഉപയോഗശൂന്യമായത്.
പയ്യന്നൂരിലെ സഹകരണ സ്ഥാപനം കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയതിലൂടെ കോടികള്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നതാണ്. 2011ല്‍ സെന്റിന് നാലുലക്ഷം രൂപയ്ക്ക് മറ്റൊരാള്‍ വാങ്ങിയ സ്ഥലം ആറുവര്‍ഷത്തിന് ശേഷം 2017 ഒക്ടോബറില്‍ സെന്റിന്18.75 ലക്ഷം രൂപയ്ക്കാണ് സഹകരണ സ്ഥാപനം വാങ്ങിയത്.
തൊട്ടടുത്തുള്ള അഞ്ചുസെന്റ് സ്ഥലം സെന്റിന് 3.4 ലക്ഷം രൂപയ്ക്ക് വില്പന നടന്നപ്പോഴാണ് ഇത്രയും തുക കൊടുത്ത് സ്ഥലം വാങ്ങിയതെന്നും തണ്ണീര്തടത്തില്പ്പെട്ട സ്ഥലമാണതെന്നതുമായിരുന്നു ആരോപണം. ഇത്രയും അധികതുകയ്ക്ക് ഒരേക്കറോളം സ്ഥലം വാങ്ങിയതിലൂടെ കോടികളുടെ അഴിമതി നടന്നതായും പയ്യന്നൂരിലെ ചില റിയല്‍ എസ്റ്റേറ്റുകാരുടെ ഒത്താശയോടെയാണ് ഈ സ്ഥലമിടപാട് നടത്തിയതെന്നുമായിരുന്നു ഉയര്‍ന്നുവന്ന ആരോപണം.
ഡാറ്റാ ബാങ്കില്‍പ്പെട്ട സ്ഥലമായതിനാല്‍ കെട്ടിടനിര്‍മാണത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഇതിനായി മുടക്കിയ പണം ഡെഡ്മണിയായി കിടക്കുകയാണെന്നും കച്ചവടമുറപ്പിക്കാനായി ഇടയ്ക്കുനിന്നവര് കോടികളാണ് അടിച്ചുമാറ്റിയതെന്നും കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
എന്നാല്‍, ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ് തള്ളിയ പാര്‍ട്ടി നേതൃത്വമാണ് കുഞ്ഞികൃഷ്ണന്റെ തെളിവുകളുള്‍പ്പെടെ നിരത്തിയുള്ള വെളിപ്പെടുത്തലില്‍ വെട്ടിലായത്. ഇതിനെ ന്യായീകരിക്കാനായി ശ്രമിക്കുന്ന നേതൃത്വം 2017ല്‍ വാങ്ങിയ സ്ഥലം ഇത്രയും കാലമായിട്ടും ഉപയോഗപ്പെടുത്താനാകാത്തതിന്റെ കാരണം കൂടി വ്യക്തമാക്കേണ്ടതുണ്ട് എന്ന ആവശ്യമുയരുന്നുണ്ട്. സഹകരണ സ്ഥാപനത്തിന്റെ പണം കീശയിലാക്കിയവരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒത്താശ ചെയ്തതായുള്ള ആരോപണമാണ് ഇപ്പോള്‍ ശക്തി പ്രാപിക്കുന്നത്.